Psalms 62

ദാവീദിന്റെ ഒരു സങ്കീർത്തനം.

1ഞാൻ ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുന്നു;
എന്റെ രക്ഷ അങ്ങയിൽനിന്ന് വരുന്നു.
2അവിടന്നുമാത്രമാണ് എന്റെ പാറയും രക്ഷയും;
അവിടന്നാണ് എന്റെ കോട്ട, ഞാൻ ഒരിക്കലും കുലുങ്ങിപ്പോകുകയില്ല.

3ഒരു മനുഷ്യനെ നിങ്ങൾ എത്രകാലം ആക്രമിക്കും?
ചാഞ്ഞ മതിലും പൊളിഞ്ഞ വേലിയുംപോലെ
നിങ്ങളെല്ലാവരും എന്നെ നിലത്തെറിഞ്ഞുകളയുമോ?
4ഉന്നതസ്ഥാനത്തുനിന്ന്
എന്നെ തള്ളിയിടുകയാണ് അവരുടെ ലക്ഷ്യം,
അവർ വ്യാജം സംസാരിക്കുന്നതിൽ ആമോദിക്കുന്നു.
അധരംകൊണ്ട് അവർ അനുഗ്രഹിക്കുന്നു,
എന്നാൽ അന്തരംഗത്തിൽ അവർ ശാപംചൊരിയുന്നു. സേലാ.

5എന്റെ ആത്മാവേ, ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുക;
അങ്ങയിലാണ് എന്റെ പ്രത്യാശ.
6അവിടന്നുമാത്രമാണ് എന്റെ പാറയും എന്റെ രക്ഷയും;
അവിടന്നാണ് എന്റെ കോട്ട, ഞാൻ കുലുങ്ങിപ്പോകുകയില്ല.
7എന്റെ രക്ഷയും എന്റെ മഹത്ത്വവും ദൈവത്തിൽ ആകുന്നു;
അഥവാ, എന്റെ രക്ഷയും എന്റെ മഹത്ത്വവും അത്യുന്നതനായ ദൈവം ആകുന്നു.

അവിടന്ന് എന്റെ ശക്തിയുള്ള പാറയും എന്റെ സങ്കേതവും ആകുന്നു.
8അല്ലയോ ജനമേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക,
നിങ്ങളുടെ ഹൃദയം അവിടത്തെ മുമ്പിൽ പകരുക,
കാരണം നമ്മുടെ സങ്കേതം ദൈവം ആകുന്നു. സേലാ.

9ഹീനകുലജന്മം കേവലമൊരു ശ്വാസവും
ഉന്നതകുലജന്മം കേവലമൊരു മിഥ്യയും ആകുന്നു.
ഒരു തുലാസിൽ തൂക്കിയാൽ അവരുടെ തട്ട് പൊന്തിപ്പോകും;
അവരിരുവരും ഒരു ശ്വാസത്തെക്കാൾ ലഘുവാണ്.
10കൊള്ളപ്പണത്തിൽ ആശ്രയിക്കുകയോ
മോഷണമുതലിന്മേൽ അഹങ്കരിക്കുകയോ അരുത്;
നിന്റെ ധനം അധികരിച്ചാലും,
നിന്റെ ഹൃദയം അതിൽ അർപ്പിക്കരുത്.

11ദൈവം ഒരു കാര്യം അരുളിച്ചെയ്തു,
രണ്ടുതവണ അടിയനത് ശ്രവിച്ചിരിക്കുന്നു:
“ദൈവമേ, ശക്തി അങ്ങേക്കുള്ളതാകുന്നു,
12അചഞ്ചലസ്നേഹവും അങ്ങയിലാണല്ലോ കർത്താവേ;
അങ്ങ് ഓരോരുത്തർക്കും പ്രതിഫലംനൽകും
അവരവരുടെ പ്രവൃത്തിക്കനുസൃതമായിട്ടുതന്നെ.”
Copyright information for MalMCV